Movies
ദുൽഖർ സൽമാനൊപ്പം പ്രമോഷന് വരാനായി ജി.വി. പ്രകാശിന്റെ സിനിമയുടെ പ്രമോഷൻ ഒഴിവാക്കിയെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി നടി കയാദു ലോഹർ.
ഒരേ ആഴ്ചയിൽ തിയറ്ററുകളിലെത്തിയ രണ്ട് ചിത്രങ്ങളിൽ ഒന്നിൽ മാത്രം നായിക സജീവമായി പ്രമോഷന് പങ്കെടുത്തത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
ദുൽഖർ സൽമാൻ നായകനായ ഐ ആം ഗെയിം, ജി.വി. പ്രകാശ് കുമാർ പ്രധാനവേഷത്തിലെത്തുന്ന ഇമ്മോർട്ടൽ എന്നീ ചിത്രങ്ങളിൽ കയാദുവായിരുന്നു നായിക.
തനിക്ക് ഒരു ദിവസം മാത്രമേ പ്രമോഷനായി ഒഴിവുണ്ടായിരുന്നുള്ളൂ എന്നും ഷൂട്ടിംഗ് തിരക്കുകൾ കാരണമാണ് 'ഇമ്മോർട്ടൽ' പ്രൊമോഷന് എത്താൻ സാധിക്കാതിരുന്നതെന്നും കയാദു വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കാക്കനാട് നടന്ന ഐ ആം ഗെയിം ഓഡിയോ ലോഞ്ചിൽ കയാദു പങ്കെടുത്തതോടെയാണ് ഇമ്മോർട്ടൽ പ്രചാരണ പരിപാടികളിലെ നടിയുടെ അസാന്നിധ്യം ചർച്ചയായത്. തുടർന്ന് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് നടി വിഷയത്തിൽ പ്രതികരിച്ചത്.
‘‘ഐ ആം ഗെയിം പ്രൊമോഷനായി ഒരുദിവസം മാത്രമാണ് പോയത്. അന്ന് മാത്രമേ എനിക്ക് ഒഴിവുണ്ടായിരുന്നുള്ളൂ. എന്നാൽ ആ സമയത്ത് ‘ഇമ്മോർട്ടൽ’ ടീമിന് പരിപാടികൾ ഒന്നും ഉണ്ടായിരുന്നില്ല.
സൂര്യക്കൊപ്പമുള്ള പുതിയ ചിത്രത്തിന്റെ തിരക്കിലായിരുന്നു ഞാൻ. ഐ ആം ഗെയിമിന്റെ മറ്റു പ്രമോഷൻ പരിപാടികളിലും എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല,’’ കയാദു പറഞ്ഞു.
അതേസമയം സമൂഹ മാധ്യമങ്ങളിലൂടെയും ഇമ്മോർട്ടൽ സിനിമയെ നടി പ്രമോട്ട് ചെയ്യുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്. തനിക്കെതിരെ ഉയർന്നുവരുന്ന വിമർശനങ്ങളിൽ ആശങ്കയില്ലെന്നും ഓരോരുത്തർക്കും ഓരോ ചിന്താഗതിയാണെന്നും കയാദു പറയുന്നു. ഇത്തരം വിമർശനങ്ങൾ നേരിട്ട് ശീലമായതാണെന്നും അവർ വ്യക്തമാക്കി.
Movies
ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘ഐ ആം ഗെയിം’ റിലീസ് മാറ്റി. ചിത്രം ഓഗസ്റ്റ് 20-ന് ഓണം റിലീസായി തിയറ്ററുകളിൽ എത്താനിരുന്നതാണ്. എന്നാൽ ചിത്രം റിലീസ് നീട്ടിയെന്നും സെപ്റ്റംബർ മൂന്നിനേ എത്തുകയുള്ളൂവെന്നും ദുൽഖർ ഔദ്യോഗികമായി അറിയിച്ചു.
ഇതോടെ ഓണം റിലീസ് ആയി നിവിൻ പോളിയുടെ ‘ബത്ലഹേം കുടുംബ യൂണിറ്റും’, പൃഥ്വിരാജ് സുകുമാരന്റെ ‘ഖലീഫ’യും പ്രേക്ഷകരിലേക്കെത്തും.
സിനിമയുടെ റിലീസ് കുറച്ചു കൂടി വലുതാക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ദുൽഖർ പറയുന്നു. പുതിയ റിലീസ് തീയതിയിൽ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിവിടങ്ങളിൽ ചിത്രം ഒരുമിച്ചെത്തും.
Movies
ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്. ജേക്സ് ബിജോയ് ഈണം നൽകിയ മഴവില്ലായേ എന്ന ഗാനം ആലപിച്ചത് അർമാൻ മാലിക് ആണ്.
ഷർഫു ആണ് ഗാനത്തിന്റെ വരികൾ രചിച്ചത്. ചിത്രം ഓഗസ്റ്റ് 20 ന് ഓണം റിലീസായി ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും.
ഗാംബ്ലിംഗ് കിംഗായി ദുൽഖർ എത്തുന്ന ചിത്രത്തിൽ കയാദു ലോഹർ നായികയായി എത്തുന്നു. വിനയ് ഫോർട്ട്, മിസ്കിൻ, ആന്റണി വര്ഗീസ്, കതിർ, സംയുക്ത വിശ്വനാഥൻ എന്നിവരും പ്രധാനകഥാപാത്രങ്ങളായുണ്ട്. ആക്ഷനും ഇമോഷനും ചേരുന്ന ഗംഭീര തിയറ്റർ എക്സ്പീരിയൻസാകും ചിത്രം നൽകുക എന്നാണ് സൂചനകൾ.
Movies
ദുൽഖർ സൽമാൻ – നഹാസ് ഹിദായത്ത് ചിത്രം ഐ ആം ഗെയിം ട്രെയിലർ പുറത്തിറങ്ങി. ചൂതാട്ടലോകത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
ഗാംബ്ലിങ് കിംഗായി ദുൽഖർ എത്തുന്ന ചിത്രത്തിൽ കയാദു ലോഹർ നായികയായി എത്തുന്നു. വിനയ് ഫോർട്ട്, മിസ്കിൻ, ആന്റണി വര്ഗീസ്, കതിർ, സംയുക്ത വിശ്വനാഥൻ എന്നിവരും പ്രധാനകഥാപാത്രങ്ങളായുണ്ട്. ആക്ഷനും ഇമോഷനും ചേരുന്ന ഗംഭീര തിയറ്റർ എക്സ്പീരിയൻസാകും ചിത്രം നൽകുക എന്നാണ് സൂചനകൾ.
National
ന്യൂഡൽഹി: ഡൽഹി ജന്തർമന്തറിലെ പോലീസ് നടപടിയെത്തുടർന്നുള്ള പ്രതിഷേധങ്ങൾക്കിടയിൽ, സമാധാനപരമായ സംവാദത്തിനും പരസ്പര സഹകരണത്തിനും ആഹ്വാനം ചെയ്ത് ചലച്ചിത്ര താരങ്ങളായ ദുൽഖർ സൽമാൻ, അദിതി റാവു ഹൈദരി എന്നിവരുൾപ്പെടെയുള്ള പ്രമുഖർ.
വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കിടയിൽ സേനയുടെ ഇടപെടലുകളിൽ ഉണ്ടായ അക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ താരങ്ങൾ, വിദ്യാർത്ഥികളുടെ ഭാവിയും മാനസിക സംഘർഷങ്ങളും പരിഗണിച്ച് സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു.
വെറുപ്പും വിഭജനവുമല്ല, പരസ്പര ധാരണയും അനുകമ്പയുമാണ് നിലവിലെ സാഹചര്യത്തിൽ ആവശ്യമെന്ന് ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കി.
Movies
ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി നടൻ ദുൽഖർ സൽമാന്റെ നിസാൻ പട്രോൾ കാർ കസ്റ്റംസ് പിടിച്ചെടുത്തു. നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് കടത്തിയെന്ന സംശയത്തിലാണ് നടപടി. ലക്കി ഭാസ്കർ സിനിമയിൽ ഉപയോഗിച്ച വാഹനമാണ് പിടിച്ചെടുത്തത്.
ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി ദുൽഖറിന്റെ മൂന്ന് വാഹനങ്ങൾ നേരത്തെ പിടിച്ചെടുത്തിരുന്നു. ദുൽഖറിന്റെ ഒരു വാഹനം കൂടി കണ്ടെത്താനുണ്ടെന്ന് കസ്റ്റംസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ആ വാഹനമാണ് ഇപ്പോൾ പിടിച്ചെടുത്തിരിക്കുന്നത്.
ദുല്ഖറിന്റെ ഡിഫന്ഡര്, ലാന്ഡ് ക്രൂയിസര് വാഹനങ്ങള് നേരത്തെ പിടിച്ചെടുത്തിരുന്നു. ഇതില് ഡിഫന്ഡര് വിട്ടുനല്കണമെന്ന് ആവശ്യപ്പെട്ട് ദുല്ഖര് കോടതിയെ സമീപിച്ചിരുന്നു.
ഡിഫന്ഡര് വിട്ടുനല്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം ഒരാളുടെ അറസ്റ്റും കസ്റ്റംസ് രേഖപ്പെടുത്തി. കോഴിക്കോട് എ എസ് റോഡ് വേ കാര്സിന്റെ പങ്കാളി സൈന് മാര്വേയാണ് അറസ്റ്റിലായത്.
Movies
സ്റ്റൈലിഷ് ലുക്ക് കൊണ്ട് ആരാധകരെ വിസ്മയിപ്പിക്കുന്ന യുവതാരം ദുല്ഖര് സല്മാന് ഇത്തവണ പാരീസ് നഗരത്തെ ആവേശത്തിലാഴ്ത്തി.
മകള് മറിയത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച്, പാരീസിലെ തെരുവുകളിലൂടെ മകള്ക്കൊപ്പം ദുല്ഖര് നടത്തിയ ബൈക്ക് സവാരിയുടെ ചിത്രങ്ങളാണു സമൂഹമാധ്യമങ്ങള് ഏറ്റെടുത്തത്.
അള്ട്രാവയലറ്റ് ഓട്ടോമോട്ടീവ് എന്ന ബ്രാന്ഡിന്റെ പാരീസ് ലോഞ്ചിനിടെയായിരുന്നു താരം മകള്ക്കൊപ്പം ഹൈ-പെര്ഫോമന്സ് ഇലക്ട്രിക് ബൈക്കായ എഫ് 77-ല് നിരത്തിലിറങ്ങിയത്.
കൂടെ സമയം ചെലവഴിക്കാന് പറ്റിയ ഏറ്റവും മികച്ച കൊച്ചു വലിയ ആള്... എന്നാണ് തന്റെ കുഞ്ഞുമാലാഖയെ ദുല്ഖര് വിശേഷിപ്പിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓര്മകളില് ഒന്നാണിതെന്ന് താരം സോഷ്യല് മീഡിയയില് കുറിച്ചു.
ദുല്ഖറിന്റെ അമ്മ സുല്ഫത്തിന്റെപിറന്നാളിനു തൊട്ടുപിന്നാലെയാണ് മറിയത്തിന്റെയും പിറന്നാള് എത്തിയത്. സാധാരണയായി മകളുടെ സ്വകാര്യതയ്ക്കു വലിയ പ്രാധാന്യം നല്കുന്ന ദുല്ഖര്, ഈ സ്പെഷല് ഡേയിലെ ചിത്രങ്ങള് ആരാധകര്ക്കായി പങ്കുവയ്ക്കുകയായിരുന്നു.
ദുല്ഖറിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം, ഐ ആം ഗെയിമിന്റെ അവസാനഘട്ട ജോലികള് പുരോഗമിക്കുകയാണ്. ആകാശത്തിലോ ഒക്ക താര- എന്ന വമ്പന് തെലുങ്ക് പ്രോജക്റ്റിലും ദുല്ഖര് ഉടന് ജോയിന് ചെയ്യുമെന്നാണ് സിനിമാ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്.
Business
കൊച്ചി: ജോസ് ആലുക്കാസ് നടൻ ദുൽഖർ സൽമാനെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു.
സൂക്ഷ്മമായ നിർമാണമികവും കാലാനുസൃതമായ പുതുമകളും അടിത്തറയാക്കിയ ബ്രാൻഡിന്റെ കാന്പയിനുകളിൽ ദുൽഖർ പങ്കാളിയാകും.
ഇതുസംബന്ധിച്ചു നടന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർമാർമാരായ വർഗീസ് ആലുക്കാസ്, ജോൺ ആലുക്കാസ്, പോൾ ആലുക്കാസ് എന്നിവർ പങ്കെടുത്തു.
Movies
ദുൽഖർ സൽമാൻ നായകനാവുന്ന ഐ ആം ഗെയിം ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രത്തിലെ ദുൽഖർ സൽമാന്റെ ലുക്ക് ആണ് പുറത്ത് വിട്ടിരിക്കുന്നത്. ആരാധകരെ ആവേശം കൊള്ളിക്കുന്ന സ്റ്റൈലിഷ്, മാസ്സ് ലുക്കിലാണ് ദുൽഖർ സൽമാനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ‘ഐ ആം ഗെയിം’, വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.
സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഐ ആം ഗെയിം’.
ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളുടെ പോസ്റ്ററുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ദുൽഖർ സൽമാന്റെ ഫസ്റ്റ് ലുക്ക് കൂടെ റിലീസ് ചെയ്തതോടെ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ഉയർന്നിരിക്കുകയാണ്.
ചിത്രീകരണം ഇനിയും അവസാനിച്ചിട്ടില്ലാത്ത ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ദുൽഖർ സൽമാന്റെ നാല്പതാമത്തെ ചിത്രമാണ്. ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
‘കബാലി’, ‘കെജിഎഫ്’ സീരിസ്, ‘കൈതി’, ‘വിക്രം’, ‘ലിയോ’, ‘സലാർ’ എന്നീ പാൻ ഇന്ത്യൻ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിർവഹിച്ചിട്ടുള്ള അൻപറിവ് മാസ്റ്റേഴ്സ് ആണ് ‘ഐ ആം ഗെയി’മിനു വേണ്ടിയും സംഘട്ടനം ഒരുക്കുന്നത്.
‘ആർഡിഎക്സ്’ എന്ന ആക്ഷൻ ഹിറ്റിന് ശേഷം അൻപറിവ് ടീം വീണ്ടും നഹാസിനൊപ്പം ഒന്നിക്കുകയാണ്. ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, വിഎഫ്എക്സ് - തൗഫീഖ് - എഗ്വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് - കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, പിആർഒ- ശബരി
Movies
ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രം തമിഴിൽ റീമേക്ക് ചെയ്ത് നശിപ്പിച്ചുകളഞ്ഞെന്ന് ചിത്രത്തിലെ നായകൻമാരിലൊരാളായ റാണ ദഗുബാട്ടി. മലയാളത്തിൽ അവർ ചെറുപ്പക്കാരായിരുന്നുവെന്നും തങ്ങളെല്ലാം മധ്യവയസ്കരെപ്പോലെയായിരുന്നു ചിത്രത്തിലെന്നും റാണ പറഞ്ഞു.
ദുൽഖർ സൽമാൻ അവതരിപ്പിച്ച കഥാപാത്രത്തോടാണ് തനിക്ക് ആദ്യം വളരെ ഇഷ്ടം തോന്നിയതെങ്കിലും ഫഹദ് ഫാസിലിന്റെ കഥാപാത്രം അവതരിപ്പിക്കാനാണ് അവസരം ലഭിച്ചതെന്ന് റാണ വെളിപ്പെടുത്തി. പുതിയ ചിത്രം ‘കാന്ത’യുടെ പ്രമോഷന്റെ ഭാഗമായി സുധിർ ശ്രീനിവാസന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റാണ ദഗുബാട്ടി.
‘ഞാനും ദുൽഖറും സ്കൂൾമേറ്റ്സ് ആണ്, ദുൽഖർ അഭിനയിച്ചതിൽ എനിക്ക് ആദ്യം വളരെ ഇഷ്ടം തോന്നിയത് ‘ബാംഗ്ലൂർ ഡേയ്സി’ലെ കഥാപാത്രത്തോടാണ്. ഞങ്ങൾ ആ ചിത്രം തമിഴിലേയ്ക്ക് റീമേക്ക് ചെയ്ത് നശിപ്പിച്ചു കളഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ നടൻ ആര്യ എന്നോട് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു, ‘മച്ചാ, നോക്ക് ദുൽഖറും നിവിനും ചെറുപ്പക്കാരായ പിള്ളേരാണ്. നമ്മളെ കണ്ടാൽ റിട്ടയർ ജീവിതം നയിക്കുന്ന മധ്യവയസ്കരെ പോലെയുണ്ട്’,’’ റാണ ദഗുബാട്ടിയുടെ വാക്കുകൾ.
Movies
ദുൽഖർ സൽമാൻ നായകനായെത്തുന്ന കാന്ത സിനിമയുടെ തമിഴ്, തെലുങ്ക് പതിപ്പുകളുടെ ട്രെയിലർ എത്തി. ചിത്രം നവംബർ 14-ന് ആഗോള റിലീസായെത്തും.
സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്.
ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗുബാട്ടി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ദുൽഖർ സൽമാൻ എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കും ഈ ചിത്രത്തിൽ ഉണ്ടാവുക എന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയിലർ നൽകുന്നത്.
ടി.കെ. മഹാദേവൻ എന്ന നടൻ ആയാണ് ദുൽഖർ സൽമാൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. ചിത്രം കേരളത്തിൽ എത്തിക്കുന്നത് വേഫറെർ ഫിലിംസ് തന്നെയാണ്.
Kerala
കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി പിടിച്ചെടുത്ത ദുൽഖർ സൽമാന്റെ കാർ ഉപാധികളോടെ കസ്റ്റംസ് വിട്ടുനൽകി. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള ലാൻഡ് റോവർ ഡിഫൻഡർ കാറാണ് കസ്റ്റംസ് അഡീഷനൽ കമ്മീഷണർ വിട്ടുനൽകിയത്.
20 ശതമാനം ബാങ്ക് ഗ്യാരണ്ടിയിലാണ് ലാൻഡ് റോവർ ഡിഫെൻഡർ വിട്ടു നൽകിയത്. വാഹനം കേരളത്തിന് പുറത്തേക്ക് കൊണ്ട് പോകരുതെന്നും എപ്പോൾ വിളിപ്പിച്ചാലും വാഹനം ഹാജരാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം ദുൽഖറിനൊപ്പം റോബിൻ എന്നയാളുടെ വാഹനം കൂടി വിട്ടുനൽകുമെന്ന് കസ്റ്റംസ് അറിയിച്ചു. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് നേരത്തെ ദുല്ഖര് സല്മാന് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ദുൽഖറിന്റെ അപേക്ഷയിൽ പത്ത് ദിവസത്തിനകം കസ്റ്റംസ് തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിശദമായ വാദം കേട്ട കോടതി കസ്റ്റംസ് അഡീഷണർ കമ്മീഷണർ ദുൽഖറിന്റെ ആവശ്യം പരിഗണിക്കണമെന്ന് ഇടക്കാല ഉത്തരവിടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലാന്ഡ് റോവര് വിട്ടുകിട്ടാൻ ദുല്ഖര് അപേക്ഷ നല്കിയത്.
Kerala
കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത ദുൽഖർ സൽമാന്റെ ലാൻഡ് റോവർ ഡിഫൻഡർ വാഹനം കസ്റ്റംസ് വിട്ടുനൽകും. ബാങ്ക് ഗാരണ്ടിയിലാണ് വാഹനം വിട്ടുനൽകുക. കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെയാണ് തീരുമാനം.
ദുൽഖർ സമർപ്പിച്ച രേഖകളും കോടതി നടത്തിയ ചില നിരീക്ഷണങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് കസ്റ്റംസ് വാഹനം വിട്ടു നൽകാൻ തീരുമാനിച്ചത്. അന്വേഷണ പരിധിയിലുള്ള വാഹനമായതിനാൽ ചില നിബന്ധനകളും ഏർപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിന് പുറത്തേക്ക് വാഹനങ്ങൾ കൊണ്ടുപോവരുത്, ആവശ്യപ്പെടുന്ന സാഹചര്യങ്ങളിൽ വാഹനം ഹാജരാക്കണം എന്നിവയാണ് നിബന്ധനകൾ. പിടിച്ചെടുത്ത ലാൻഡ് റോവർ ഡിഫൻഡർ തിരികെ വേണമെന്ന ദുൽഖറിന്റെ അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി കസ്റ്റംസിനോട് നിർദേശിച്ചിരുന്നു.
ഭൂട്ടാന് വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിനിടെയാണ് ദുല്ഖറിന്റെ ഡിഫന്ഡര്, ലാന്ഡ് ക്രൂയിസര്, നിസാന് പട്രോള് വാഹനങ്ങള് പിടിച്ചെടുത്തത്. ഇതില് ഡിഫന്ഡര് വിട്ടുനല്കണം എന്നാവശ്യപ്പെട്ടായിരുന്നു ദുല്ഖര് കോടതിയെ സമീപിച്ചത്.
Kerala
കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് യുവതാരങ്ങളെ ചോദ്യം ചെയ്യാൻ ഇഡി. പൃഥ്വിരാജ്, ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ എന്നിവർക്ക് നോട്ടീസ് നൽകാനാണ് ഇഡിയുടെ തീരുമാനം. പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷം ഹാജരാകാൻ ആവശ്യപ്പെടും.
താരങ്ങളോട് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഫെമ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം.
ബുധനാഴ്ച നടന്ന പരിശോധനയിൽ ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ള ആർസി ഉടമകളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ദുല്ഖര് സല്മാന്, പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കല് എന്നിവരുടെ കൊച്ചിയിലെയും ചെന്നൈയിലെയും വീടുകളിലടക്കം 17 ഇടത്താണ് ഒരേസമയം പരിശോധന നടത്തിയത്. വ്യാജരേഖ ചമച്ചുള്ള ആഡംബര കാറുകളുടെ ഇടപാടില് വിദേശനാണയ വിനിമയ ചട്ടലംഘനം (ഫെമ) നടന്നതായാണ് ഇഡിയുടെ കണ്ടെത്തല്.
ദുല്ഖറിൽനിന്ന് ഇഡി വിവരങ്ങള് തേടി. ചെന്നൈയിലെ വീട്ടിലായിരുന്ന നടനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള് പിടിച്ചെടുത്തശേഷം ഇസിഐആര് രജിസ്റ്റര് ചെയ്യാനാണ് ഇഡി നീക്കം.
അമിത് ചക്കാലയ്ക്കലിന്റെ വീട്ടിലടക്കം കസ്റ്റംസ് ഉദ്യോഗസ്ഥരും ഇഡിയുടെ പരിശോധനാ സമയത്ത് എത്തിയിരുന്നു. പരിശോധന രാത്രിവരെ നീണ്ടുനിന്നു. കോട്ടയം, തൃശൂര്, മലപ്പുറം, ഇടുക്കി, കോഴിക്കോട് ജില്ലകളിലും ചെന്നൈ, കോയമ്പത്തൂര് എന്നിവിടങ്ങളിലും പരിശോധന നടന്നു.
Kerala
കൊച്ചി: ഭൂട്ടാന് വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പരിശോധനയ്ക്കു പിന്നാലെ ചലച്ചിത്ര താരങ്ങളുടെ വീട്ടില് പരിശോധനയുമായി എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി). നടന്മാരായ മമ്മൂട്ടി, ദുല്ഖര് സല്മാന്, പൃഥ്വിരാജ്, അമിത് ചക്കാലക്കല് എന്നിവരുടെ വീടുകളിലാണ് ഇന്ന് രാവിലെ ഏഴു മുതല് ഒരേസമയം ഇഡി റെയ്ഡ് നടക്കുന്നത്.
മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ വീട്ടിലും ദുല്ഖര് സല്മാന്റെ എളംകുളത്തേയും ചെന്നൈയിലേയും വീടുകളിലും, പൃഥ്വിരാജ്, അമിത് ചക്കാലക്കല് എന്നിവരുടെ വീടുകളിലുമാണ് നിലവില് ഇഡി റെയ്ഡ് തുടരുകയാണ്.
കോയമ്പത്തൂര് ഉള്പ്പെടെ 17 ഇടങ്ങളിലാണ് ഒരേസമയം പരിശോധന. അഞ്ച് ജില്ലകളിലായി വാഹന ഡീലര്മാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. പ്രാഥമിക പരിശോധനയില് ഫെമ നിയമ ലംഘനം കണ്ടെത്തിയതായാണ് ലഭ്യമാകുന്ന വിവരം.
മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടിയും ദുല്ഖറും ഇപ്പോള് താമസിക്കുന്ന എളംകുളത്തെ വീട്ടിലുമാണ് റെയ്ഡ്. ദുല്ഖര് സല്മാന്റെ ചെന്നൈയിലെ വീട്ടിലും കൊച്ചിയില് നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. മമ്മൂട്ടി ഹൗസ് ഇപ്പോള് ലീസിന് നല്കിയിരിക്കുകയാണ്.
ഓപ്പറേഷന് നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് ദുല്ഖര് സല്മാന്റെ മൂന്നു വാഹനങ്ങള് പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത ഈ വാഹനങ്ങള് വിട്ടുനല്കണമെന്ന് ആവശ്യപ്പെട്ട് ദുല്ഖര് കോടതിയെ സമീപിച്ചിരുന്നു. വാഹനങ്ങള് വിട്ടു നല്കണമെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിടുകയും ഉണ്ടായി.
വാഹനം വിട്ടുനല്കണമെന്ന നടന്റെ ആവശ്യത്തില് ഒരാഴ്ചയ്ക്കുള്ളില് തീരുമാനമെടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. വ്യക്തികള്ക്കെതിരേ തെളിവുകള് ഇല്ലാതെ ആരോപണങ്ങള് ഉന്നയിക്കുന്നത് ശരിയല്ലെന്നും കസ്റ്റംസിനോട് ഹൈക്കോടതി പറഞ്ഞിരുന്നു.
ഇന്ത്യയിലേക്ക് ഭൂട്ടാന്, നേപ്പാള് റൂട്ടുകളിലൂടെ ലാന്ഡ് ക്രൂയിസര്, ഡിഫന്ഡര് തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയിലും രജിസ്ട്രേഷനിലും ഏര്പ്പെട്ടിരിക്കുന്ന ഒരു സിന്ഡിക്കേറ്റിനെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നാണ് ഇഡി നല്കുന്ന വിവരം.
Kerala
കൊച്ചി: കസ്റ്റംസിന്റെ ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി നടൻ ദുൽഖർ സൽമാന്റെ വാഹനം പിടിച്ചെടുത്തു. ഡിഫൻഡര് വാഹനമാണ് സംഘം പിടിച്ചെടുത്തത്. ഇതിന് പുറമെ, കൂടുതല് വാഹനങ്ങള് ഉണ്ടെങ്കില് ഹാജരാക്കണമെന്ന് അറിയിച്ച് സമന്സും നല്കി.
കൊച്ചിയിൽ നിന്ന് രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തത്. അതിലൊന്ന് ദുൽഖറിന്റേതാണെന്ന് കസ്റ്റംസ് വ്യക്തമാക്കി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴിടങ്ങളിൽ നിന്നായി 11 വാഹനങ്ങളും പിടിച്ചെടുത്തു. പിടിച്ചെടുത്ത വാഹനങ്ങള് കരിപ്പൂര് വിമാനത്താവളത്തിലുള്ള കസ്റ്റംസ് ഓഫീസില് എത്തിക്കുമെന്നാണ് റിപ്പോര്ട്ട്.
ഭൂട്ടാനില് നിന്നുള്ള ആഡംബര കാറുകള് നികുതി വെട്ടിച്ച് ഇന്ത്യയില് എത്തിയെന്ന ഇന്റലിജന്സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. സംസ്ഥാനത്ത് കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് പരിശോധന നടത്തിയത്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നാല് ഷോറൂമുകളിലും മൂന്ന് വീടുകളിലുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര് പരിശോധന നടത്തിയത്. ഓപ്പറേഷന് സംബന്ധിച്ച് വിവരങ്ങള് നല്കുന്നതിനായി കസ്റ്റംസ് കമ്മീഷണര് വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്.
വില കൂടിയ ആഢംബര വാഹനങ്ങൾ ഭൂട്ടാനിൽ നിന്നും രജിസ്റ്റർ ചെയ്ത് നികുതി വെട്ടിക്കുന്നവരെ കണ്ടെത്തുന്ന പരിശോധനയാണ് ഓപ്പറേഷൻ നൂംഖോർ. ഇത്തരത്തിൽ വാഹനങ്ങൾ കൈപ്പറ്റിയ ഉപഭോക്താക്കളെ തേടിയാണ് ഇന്ന് പരിശോധന നടത്തുന്നത്. നൂംഖോർ എന്നാൽ ഭൂട്ടാൻ ഭാഷയിൽ വാഹനം എന്നാണ് അർഥം.
പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയെങ്കിലും വാഹനങ്ങളൊന്നും കണ്ടെത്താൻ കഴിയാത്തതിനാൽ മടങ്ങി പോയെന്നാണ് വിവരം. കൊച്ചിയിൽ തേവരയിലെ പൃഥ്വിരാജിന്റെ ഫ്ലാറ്റിലും പനമ്പള്ളി നഗറിലെ ദുൽഖറിന്റെ വീട്ടിലും പരിശോധന നടന്നു. കേരളത്തിലെ പ്രമുഖരായ വ്യവസായികളുടെ വീടുകളിലും കാർ ഷോറൂമുകളിലും പരിശോധന നടക്കുന്നുണ്ട്.
റോയൽ ഭൂട്ടാൻ ആർമി ഉപേക്ഷിച്ച 150 വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തി ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്ത് നാലിരട്ടി വിലയ്ക്കു വിറ്റഴിച്ചെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും (ഡിആർഐ) കസ്റ്റംസും കേസ് അന്വേഷിക്കുന്നത്.
ലാൻഡ് ക്രൂസർ, ലാൻഡ് റോവർ, ടാറ്റ എസ്യുവികൾ, മഹീന്ദ്ര–ടാറ്റ ട്രക്കുകൾ എന്നിവയും കടത്തിക്കൊണ്ടുവന്ന വാഹനങ്ങളിൽ ഉൾപ്പെടുന്നു. ഭൂട്ടാനിൽ രജിസ്റ്റർ ചെയ്ത വാഹനം പിന്നീട് ഹിമാചൽ പ്രദേശിലെത്തിക്കുന്നു. അവിടെ നിന്നുമാണ് കേരളത്തിലേക്ക് എത്തുന്നത്.
ഹിമാചൽ പ്രദേശിലെ എച്ച്പി–52 റജിസ്ട്രേഷൻ നമ്പറിലാണ് കൂടുതൽ വാഹനങ്ങളും രജിസ്റ്റർ ചെയ്തിട്ടുള്ളത്. അവിടത്തെ രജിസ്ട്രേഷൻ അതോറിറ്റിയുടെ എൻഒസി ഉൾപ്പെടെയാണ് കേരളത്തിൽ കാറുകൾ വിൽക്കുന്നത്.
കേരളത്തിൽ എത്തിച്ച പല വാഹനങ്ങളും റീ രജിസ്റ്റർ ചെയ്ത് ‘കെഎൽ’ നമ്പറുകളാക്കിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയിൽ താഴെ വിലയ്ക്കാണ് ഭൂട്ടാൻ പട്ടാളം വാഹനങ്ങൾ ഒരുമിച്ച് വിറ്റത്. ഇത്തരം വാഹനങ്ങൾ കേരളത്തിൽ 40 ലക്ഷം രൂപയ്ക്ക് വരെ വിറ്റഴിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
Movies
കിംഗ് ഓഫ് കൊത്തയ്ക്കും കുറുപ്പിനും ചെലവാക്കിയ അതേ തുക തന്നെയാണ് ‘ലോക’യുടെയും ബജറ്റ് എന്ന് ദുൽഖർ സൽമാൻ. ഈ സിനിമയ്ക്കായി ചെലവഴിച്ച ഒരു പൈസ പോലും വെറുതെ പാഴാക്കിയിട്ടില്ലെന്നും തങ്ങൾക്ക് ഇതൊരു വലിയ ബജറ്റ് തന്നെയാണെന്നും നടൻ പറഞ്ഞു.
ഹൈദരാബാദിൽ നടന്ന ലോകയുടെ സക്സസ് ചടങ്ങിലാണ് ദുൽഖർ ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയുടെ രണ്ടാം ഭാഗം ഇതിലും വലിയ ബജറ്റിലാണ് ഒരുങ്ങുന്നതെന്നും താരം വ്യക്തമാക്കി.
‘‘വേഫെറർ ഫിലിംസിന്റെ ഏഴാമത്തെ പ്രൊഡക്ഷനാണ് ലോക. ഇത്രയും പോസിറ്റിവിറ്റിയും സന്തോഷവും നിറഞ്ഞ ക്രൂവും കാസ്റ്റും അണിനിരന്ന മറ്റൊരു സിനിമ ഉണ്ടാകില്ല. ഹൃദയത്തിൽ നിന്നും വളരെ സ്പെഷലായുള്ള സിനിമ ഉണ്ടാകണം എന്ന സ്വപ്നമായിരുന്നു ഇതിൽ ഓരോരുത്തർക്കും ഉണ്ടായിരുന്നത്.
അതിനായി മികച്ച സാങ്കേതിക വിദഗ്ധരും അഭിനേതാക്കളും ഒരുമിച്ചു വന്നു. നിർമാതാവെന്ന നിലയിൽ എനിക്കൊരു ടെൻഷനും ഉണ്ടായിട്ടില്ല. കാരണം എന്താണ് ചെയ്യേണ്ടതെന്നുള്ള കൃത്യമായ ധാരണ ഇവർക്കെല്ലാം ഉണ്ടായിരുന്നു.
ഒന്നോ രണ്ടോ തവണ മാത്രമാണ് ഞാൻ സെറ്റ് സന്ദർശിക്കാനെത്തിയത്. എഡിറ്റും രണ്ട് തവണയാണ് കണ്ടത്. അത്രത്തോളം വിശ്വാസം ഈ ടീമിൽ ഉണ്ടായിരുന്നു.
ഞങ്ങളുടെ ആദ്യ പ്രൊഡക്ഷനായ വരനെ ആവശ്യമുണ്ട് സിനിമയിലും നസ്ലിൻ ഉണ്ടായിരുന്നു. അന്ന് തൊട്ട് വലിയ ഇഷ്ടമാണ്. നസ്ലിനോട് സംസാരിച്ചുകൊണ്ടിരുന്നാൽ ഇത്രത്തോളം ക്യൂട്ട് ആയിട്ടുള്ളൊരു ആളുണ്ടോ എന്നു തോന്നിപ്പോകും. ഒരു ബാഗിലെടുത്ത് തൂക്കി വീട്ടിൽ കൊണ്ടുപോകാൻ തോന്നും.
ചന്തുവിനെയും വലിയ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ അച്ഛനൊരു ഇതിഹാസമാണ്. ചന്തുവിന്റെ അച്ഛനൊപ്പം അഭിനയിച്ചിട്ടുണ്ട്, ഒരുപാട് സമയം ചെലവഴിച്ചിട്ടുമുണ്ട്. അച്ഛനെപ്പോലെ തന്നെയാണ് ചന്തുവും. അരുൺ കുര്യൻ എന്റെ സഹോദരനായി യമണ്ടൻ പ്രേമകഥയിൽ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയിൽ ഞാൻ പോലും റെക്കമന്റ് ചെയ്യാതെ സ്വന്തം കഴിവിലൂടെ ഇവിടെ വരെ എത്തിയ നടനാണ് അരുൺ.
നിമിഷും ഞാനും തമ്മിൽ വളരെ കാലത്തെ പരിചയമുണ്ട്. എന്റെ ഏറ്റവും അടുത്ത ടെക്നീഷ്യൻ ഫ്രണ്ട് എന്നു വേണമെങ്കിൽ നിമിഷിനെ വിളിക്കാം. ലോകയിലേക്ക് എന്നെ കൊണ്ടുവന്നത് നിമിഷ് ആണ്. കിംഗ് ഓഫ് കൊത്തയുടെ സമയത്ത് ആണ് ഇങ്ങനെയൊരു ഐഡിയയെക്കുറിച്ച് നിമിഷ് പറയുന്നത്. അവർ ഈ കഥ ഒരുപാട് നിർമാതാക്കളുടെ അടുത്ത് പറഞ്ഞെന്നും അവർക്കൊന്നും ഇതു മനസിലാകുന്നില്ലെന്നും പറഞ്ഞു.
നീ എന്നെ കാണുന്നില്ലേ, ഞാനും ഒരു നിർമാതാവല്ലേ? എന്നാണ് നിമിഷിനോടു ചോദിച്ചത്. അവൻ ഐഡിയ പറഞ്ഞു, കേട്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. ഇതെങ്ങനെ ചെയ്യുമെന്ന് എനിക്കറിയില്ല, പക്ഷേ നമ്മള് ചെയ്തിരിക്കുമെന്നു പറഞ്ഞു.
തീരെ ചെറിയ ബജറ്റിലാണ് ലോക നിർമിച്ചിരിക്കുന്നതെന്ന് പലരും ചിന്തിക്കുന്നുണ്ടാകും. പക്ഷേ മലയാളത്തിൽ ‘കിംഗ് ഓഫ് കൊത്ത’യ്ക്കും ‘കുറുപ്പി’നും ചെലവാക്കിയ അതേ ബജറ്റ് തന്നെ ‘ലോക’യ്ക്കുമായി. ഞങ്ങളെ സംബന്ധിച്ചടത്തോളം അതു വലിയ ബജറ്റ് തന്നെയാണ്. എന്നാൽപോലും അതിലൊരു ചെറിയ തുക പോലും അനാവശ്യമായി ചെലവാക്കിയിട്ടില്ല.
നിമിഷും ഡൊമിനിക്കും തമ്മിൽ വലിയൊരു കണക്ഷനുണ്ടായിരുന്നു. അതു തന്നെയാണ് സിനിമയുടെ വലിയ വിജയത്തിനു കാരണം. ഒരു സ്ത്രീയുടെ ശബ്ദം ഈ ചിത്രത്തിൽ ഉയർന്നു കേൾക്കുന്നുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും ശാന്തിക്ക് അവകാശപ്പെട്ടതാണ്.
കല്യാണിയും ഞാനും തമ്മിൽ ഒരുപാട് സാദൃശ്യങ്ങളുണ്ട്. കഴിഞ്ഞ ജന്മത്തിൽ ഇരട്ടകളായിരുന്നുവെന്ന് തോന്നുന്നു. ചന്ദ്രയെ ഇത്രത്തോളം ആത്മാർഥതയോടെ വേറെ ആരെങ്കിലും അവതരിപ്പിക്കുമോ എന്നത് സംശയമാണ്. അത്രത്തോളം ആ കഥാപാത്രത്തെ കല്യാണി മികച്ചതാക്കി.
ഞാൻ നായകനായി 40ലധികം സിനിമകൾ ചെയ്തിട്ടുണ്ട്. എന്നാൽ ഇതുവരെ ഒരു സിനിമയ്ക്കും ഇത്തരത്തിലുള്ള പ്രതികരണം ലഭിച്ചിട്ടില്ല. ലോക രാജ്യം മുഴുവൻ മാത്രമല്ല ലോകമെമ്പാടും ആഘോഷിക്കപ്പെടുകയാണ്. ഇപ്പോൾ ചിത്രം ഒരു വലിയ വിജയമാക്കി മാറ്റിയ പ്രേക്ഷകർക്ക് ഹൃദയം നിറഞ്ഞ നന്ദി.’’ദുൽഖർ സൽമാൻ പറഞ്ഞു.
Movies
തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ വസതിയിൽ അതിഥിയായെത്തി നടൻ ദുൽഖർ സൽമാൻ. പൊന്നാട അണിയിച്ചുകൊണ്ടാണ് രേവന്ത് റെഡ്ഢി ദുൽഖറിനെ സ്വീകരിച്ചത്. നിര്മാതാവ് സ്വപ്ന ദത്തും ദുല്ഖറിനൊപ്പമുണ്ടായിരുന്നു.
ലക്കി ഭാസ്കറിലെ അഭിനയത്തിന് ദുല്ഖർ സൽമാന് കഴിഞ്ഞ വർഷം മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശം ലഭിച്ചിരുന്നു. നേരിട്ടെത്തി അവാർഡ് ഏറ്റുവാങ്ങാൻ ദുൽഖറിന് സാധിച്ചിരുന്നില്ല.
അതുകൊണ്ട് തെലുങ്കാനയിൽ എത്തിയപ്പോൾ ദുൽഖറിനെ തന്റെ വസതിയിലേക്ക് മുഖ്യമന്ത്രി രേവന്ത് റെഡ്ഢി പ്രത്യേകം ക്ഷണിച്ചതാണെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
2024 ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രങ്ങൾക്കായുള്ള പുരസ്കാരങ്ങളിൽ നാലെണ്ണമാണ് ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്ക്കർ അന്ന് സ്വന്തമാക്കിയത്. മൂന്നാമത്തെ മികച്ച ചലച്ചിത്രം, മികച്ച എഡിറ്റർ, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്കാരങ്ങളാണ് ലക്കി ഭാസ്കറിനെ തേടിയെത്തിയത്.
മികച്ച എഡിറ്റർക്കുള്ള അവാർഡ് ഈ ചിത്രത്തിലൂടെ നവീൻ നൂലി നേടിയപ്പോൾ, മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് ഇതിലൂടെ സ്വന്തമാക്കിയത് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ വെങ്കി അറ്റ്ലൂരിയാണ്.